സാമൂഹ്യ സുരക്ഷാപെൻഷൻ ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക സാംസ്കാരിക ചരിത്രം

          

          ചൊക്ലി ഗ്രാമപഞ്ചായത്ത് - കണ്ണൂർ റവന്യൂ ജില്ലയിലെ തലശ്ശേരി താലൂക്കിൽ തീരപ്രദേശത്തോട് ചേർന്ന്,  ഇടനാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.  മയ്യഴിപ്പുഴ അതിരിട്ടു നിൽക്കുന്ന, തുളുവ‍‌‌ർ കുന്നും കോട്ടാലക്കുന്നും  കാട്ടിക്കുന്നും ചുവന്ന കുന്നും തല ഉയർത്തി നിൽക്കുന്ന, പാലാഴി തോടും വണ്ണാത്തി തോടും നിറഞ്ഞു അനുഗ്രഹിക്കുന്ന,  കണ്ടലും പന്നലും അതിരാണിയും പൂക്കുന്ന, പച്ച ഞണ്ടും മാനത്തുകണ്ണിയും ചിറ്റാക്കൊഞ്ചനും പുളയ്ക്കുന്ന   മനോഹരമായ ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ചൊക്ലി. കൈപ്പാടും,  പുഴയോരവും തണ്ണീർത്തടങ്ങളും,  നെൽവയലുകളും, സമതലങ്ങളും, കൃഷിയിടങ്ങളും, കാവുകളും, ഉൾപ്പെടെ വിവിധ ആവാസ വ്യവസ്ഥയാൽ സമ്പന്നമായ നാട് .

          നൂറ്റാണ്ട് മുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ചൂരൽ വ്യവസായ കേന്ദ്രം ചൊക്ലിയിലായിരുന്നു. ചകരി , നെയ്ത്ത് , ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായത്താൽ സമ്പന്നമായിരുന്നു അന്ന് . കിഴക്കൻ പ്രദേശമായ തൃപ്രങ്ങോട്ടൂർ, കല്ലിക്കണ്ടി, പൊയിലൂർ , പാനൂർ എന്നിവിടങ്ങളിലെ കാർഷിക മലഞ്ചരക്ക് വാണിജ്യ ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം കൂടിയായിരുന്നു ചൊക്ലി.

          കോട്ടയം രാജാവായിരുന്ന പഴശ്ശിയുടെ അധീനതയിലായിരുന്നു ഇന്ന് ചൊക്ലി പഞ്ചായത്ത് ഉൾക്കൊള്ളുന്ന പ്രദേശം.  ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചതോടെ 1800 മെയ് 21 മുതൽ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മലബാർ ജില്ലയിൽ കോട്ടയം താലൂക്കിൽപ്പെട്ട പ്രദേശമായി. അന്നത്തെ മലബാർ ജില്ലക്ക് 10 താലൂക്കുകളാണ് ഉണ്ടായിരുന്നത്.  ചിറക്കൽ കോട്ടയം, കുറുമ്പ്രനാട്, കോഴിക്കോട്, വയനാട്, ഏറനാട് ,വള്ളുവനാട്, പൊന്നാനി, പാലക്കാട്, കൊച്ചി(ഫോർട്ട്കൊച്ചി) എന്നിവ.

           മൈസൂർ വ്യാഘ്രം ടിപ്പുസുൽത്താൻ ഈ പ്രദേശത്തെ അധീനതയിലാക്കിയതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചൊക്ലി പഞ്ചായത്തിലെ പ്രധാന പട്ടണത്തിന്  ചൊക്ലി എന്ന പേര് വന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.   ആക്രമിച്ചു കീഴടക്കിയ ഗ്രാമങ്ങളുടെ അതിർത്തിയിൽ (ഗ്രാമത്തിയിൽ) ചവുക്കികൾ (ചെക്ക്പോസ്റ്റ്)  സ്ഥാപിക്കുകയുണ്ടായി . ഹള്ളി എന്ന പദത്തിന് കർണാടകത്തിൽ ഗ്രാമം എന്നാണ് അർത്ഥം. ചവുക്കിയുള്ള ഹള്ളി  എന്നത് വിഗ്രഹാർത്ഥത്തിൽ ചവുക്കിഹള്ളി എന്ന് വിളിച്ചവരുകയും  ക്രമേണ ലോപിച്ച് ചൊക്ലി ആവുകയും ചെയ്തു എന്നു കരുതാം.

          വിശാലമായ നെൽവയലുകൾ ഉള്ള സ്ഥലമായിരുന്നു ഒളവിലം. തോടുകളും വളക്കൂറുള്ള മണ്ണും  നല്‍കൃഷി സമ്പുഷ്ടമാക്കി.  കാറ്റിൽ ഇളകിയാടുന്ന നെൽവയലുകൾ,  ഹരിത ഭംഗിയുള്ള ഓളങ്ങൾ സൃഷ്ടിക്കും. അങ്ങനെ ഓളം വയൽ എന്ന വാക്കിൽനിന്നും ഒളവിലം  എന്ന വാക്കുണ്ടായി   എന്നാണ് ഒരുപക്ഷം. എന്നാൽ ഒളിവിൽ കഴിഞ്ഞ അളം  ( അളം എന്ന പദത്തിന് ഗ്രാമം എന്നർത്ഥം ) എന്ന അർത്ഥത്തിൽ ഒളിവിളം എന്നും,  ക്രമേണ ഔദാസീന ന്യായേന ഒളവിലമായി എന്ന് മറ്റൊരു പക്ഷം. ഇതിന് തെളിവായി നിരത്തുന്നതാകട്ടെ , ഒരുകാലത്ത് ജനവാസമില്ലാതിരുന്ന തൊള്ളൂർ കുന്ന് ,  ചുവന്ന കുന്ന് തുടങ്ങിയ കാട് മൂടിക്കിടന്ന ഒളിയിടമായ കുന്നുകളും,  ടിപ്പുവിന്റെ ആക്രമണവും ആണ് .   

           തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ചെങ്കല്ലിൽ കൊത്തിയ ശില്പങ്ങളും, അതിൻറെ നമസ്കാര മണ്ഡപത്തിൽ ഉണ്ടായിരുന്ന, മരത്തിൽ കുത്തി ഉണ്ടാക്കിയ, പ്രകൃതിയിലെ ചായങ്ങൾ ഉപയോഗിച്ച് വർണ്ണങ്ങൾ നൽകിയ, നവഗ്രഹ ശില്പങ്ങളും, മയ്യഴിപ്പുഴയ്ക്ക് കുറുകെ കാട്ടിക്കുന്നി ന്  (ശത്രുക്കളെ കാട്ടിക്കൊടുത്ത കുന്ന് ) താഴെ വേലിയിറക്കത്തിൽ നടന്നു പോകാൻ പാകത്തിലുള്ള കല്ലുകെട്ടും,  മയ്യഴിപ്പുഴയുടെ തീരത്തുള്ള കോട്ടാമല ( കോട്ടാലക്കുന്നും) ക്കുന്നും,   ക്ഷേത്രങ്ങളും എല്ലാം ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നും പഠന വിഷയമാണ് .

          നിടുമ്പ്രം പ്രദേശത്തെ ഒറ്റങ്ങാടി (ഒന്നാം അങ്ങാടി ) മൂന്നങ്ങാടി ( മൂന്നാം അങ്ങാടി) എന്നീ രണ്ട് സ്ഥലങ്ങളും ഇവയ്ക്ക് ഇടയിൽ നിൽക്കുന്ന മനയത്ത് , ഇല്ലിക്കൽ (നാടുവാഴി ) , കൊട്ടാരത്ത് , അരിക്കളത്ത്,  ഇല്ലത്ത് , കൂലോത്ത് ( കോവിലകം),  മഠത്തിൽ,  മാടാടത്തിൽ     ( മഠാമഠം ),  അമ്പലപ്പറമ്പ് , മനേക്കര ( മനയുടെ അക്കര ) എന്നീ സ്ഥലനാമങ്ങളും നെള്ളേരി അമ്പലം,  കൊട്ടാരത്തമ്പലം , നിടുമ്പ്രം അമ്പലം, പുത്തനമ്പലം , കുറ്റിപ്പുറം അമ്പലം, കൊട്ടിയൂർ നെയ്യമൃത് സങ്കേശം,  കൊട്ടിയൂർ ഇളനീർക്കാവ് സങ്കേതം,   അവയുടെ കുളങ്ങളും ജീർണാവസ്ഥയിലുള്ള കാവുകളും ഒരു കാലഘട്ടത്തിലെ മൺമറഞ്ഞുപോയ സംസ്കൃതിയുടെ ചൂണ്ട പലകകളാണ്.

          ചൊക്ലി പ്രദേശത്തെ ഭൂ സ്വത്തിൻറെ ഭൂരിഭാഗവും ഏതാനും ജന്മി കുടുംബങ്ങളുടെ കൈവശമായിരുന്നു. ജന്മിത്വത്തിനെതിരെ  കേരളത്തിൻറെ മറ്റു ഭാഗങ്ങളിൽ നടന്നതുപോലെ എടുത്തുപറയത്തക്ക ചെറുത്തുനിൽപ്പുകൾ ഇവിടെ ഉണ്ടായിട്ടില്ലെങ്കിലും,  ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  അത്തരം ഒരു സംഭവം ആണ്  ഇന്നത്തെ നിടുമ്പ്രം മടപ്പുര            ( നിടുമ്പ്രം വേലാണ്ടി മടപ്പുര )യുടെ ആവിർഭാവത്തിന് കാരണമായത്. ഇന്ന്  മടപ്പുര സ്ഥിതി ചെയ്യുന്ന ഒറ്റയുള്ളകണ്ടി പറമ്പിൽ താമസിച്ചിരുന്ന കള്ള് ചെത്തുകാരന്റെ കുടുംബത്തെ കുടിയിറക്കാൻ ജന്മി ശ്രമിച്ചു . അപ്പോൾ അതിനെ ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മടപ്പുര സ്ഥാപിക്കപ്പെട്ടത്.  ( ചെത്തുകാരനെ ഒഴിപ്പിച്ചു അവിടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നികുതി പിരിവുകാരന് താമസിക്കുവാനും, നികുതി പിരിവ് നടത്താനും സൗകര്യം ഏർപ്പെടുത്താൻ ജന്മി ശ്രമിച്ചിരുന്നു. ) നിടുമ്പ്രം മടപ്പുര കേന്ദ്രീകരിച്ച് പൂരക്കളി സംഘം സജീവമായിരുന്നു.

          മുതൂർ തറവാട്ടിലെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാൻ പയ്യന്നൂരിലെ വടേശ്വരത്തു നിന്ന് വന്ന കുമാരഗുരു താഴ്ന്ന സമുദായത്തിൽപ്പെട്ട ഊരാച്ചേരി ഗുരുനാഥന്മാരെ പഠിപ്പിക്കാൻ ശ്രമിച്ചു . അപ്പോൾ സവർണർ എതിർത്തു എങ്കിലും വിലക്കുകളെ അതിലംഘിച്ച്  കുമാരഗുരു അവർക്കും വിദ്യ പകർന്നു കൊടുക്കുകയുണ്ടായി. കാവ്യ രചനയിൽ വ്യുൽപ്പത്തി ഉണ്ടായിരുന്ന വരും,  നിമിഷ കവികളുമായിരുന്നു ഊരാച്ചേരി ഗുരുനാഥന്മാർ . ഊരാച്ചേരി ഗുരുനാഥന്മാരാണ് ജർമൻ കാരനായ  ഹെർമൻ ഗുണ്ടർട്ട് നെ മലയാളം പഠിപ്പിച്ചത്.  ഊരാച്ചേരി ഗുരുനാഥന്മാർക്കും മലയാളക്കരക്കും ഗുണ്ടർട്ട്  നൽകിയ ഗുരുദക്ഷിണയാവാം മലയാള ഭാഷാ നിഘണ്ടു.  കാവ്യ രചനയിൽ വിൽപ്പത്തിയുണ്ടായിരുന്ന ഊരാച്ചേരി ഗുരുനാഥന്മാർ കാരണമാണ് കവിയൂരിന് പ്രസ്തുത നാമം ലഭിച്ചതെന്ന് പറയപ്പെടുന്നു

          ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരൻ തുടങ്ങി ദേശീയ സ്വാതന്ത്ര്യ സമരത്തിൻറെ മുൻനിരക്കാരായ ധീര ദേശാഭിമാനികളെ സംഭാവന ചെയ്യാൻ ഈ നാടിന് കഴിഞ്ഞിട്ടുണ്ട്.  സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന മൊയാരത്ത് ശങ്കരൻ സ്വതന്ത്ര ഇന്ത്യയിലെ ജയിലിൽ കിടന്ന് മർദ്ദനമേറ്റാണ് മരിച്ചതെന്ന് കുറ്റബോധത്തോടെ ഓർക്കാനുള്ള ദുഃഖസത്യം മാത്രമാണ് .

          കെ കണാരൻ മാസ്റ്റർ, കായക്കൽ കുമാരൻ മാസ്റ്റർ,  വി സി കുഞ്ഞിരാമൻ വൈദ്യർ, തറമ്മൽ കൃഷ്ണൻ,  ടി എൻ കുമാരൻ മാസ്റ്റർ,  സി എം ശങ്കരൻ മാസ്റ്റർ,  വി കുമാരൻ മാസ്റ്റർ,  ആർ വി അച്യുതൻ മാസ്റ്റർ,  സി എച്ച് ചോയി,  കെ പി കെ അനന്തൻ,  കാരായി കുഞ്ഞിക്കണ്ണൻ മാസ്റ്റർ തുടങ്ങിയവർ സ്വാതന്ത്ര്യ സമര സേനാനികളിൽ  ചിലരാണ് . മാഹി വിമോചന സമരവുമായി ബന്ധപ്പെട്ട് ഐ കെ കുമാരൻ മാസ്റ്ററോടൊപ്പം ജയിൽവാസം അനുഭവിച്ച കണ്ണൻ സെറാപ്പും സ്വാതന്ത്ര്യ സമര പോരാളിയാണ്.

          1930ലെ പയ്യന്നൂർ ഉപ്പുസത്യാഗ്രഹ ജാഥ കോഴിക്കോടുനിന്ന് ആരംഭിച്ച് ചൊക്ലി വഴിയാണ് പയ്യന്നൂരിലേക്ക് പോയത്. അന്ന് ജാഥയ്ക്ക് ചൊക്ലിയിൽ സ്വീകരണം നൽകപ്പെടുകയുണ്ടായി . ഹിന്ദുക്കളും മുസ്ലീങ്ങളും യോജിച്ചുകൊണ്ട് നൽകിയ സ്വീകരണത്തെക്കുറിച്ച് മൊയാരത്ത് ശങ്കരൻ പിന്നീട് എഴുതുകയുണ്ടായി.  ജാഥ അംഗങ്ങളായ 31 പേരെയും മുല്ലപ്പൂ മാല അണിയിച്ച് സ്വീകരിക്കുകയുണ്ടായി സ്വീകരണത്തിന്റെ മുന്നണി പോരാളിയായിരുന്നു മൊയാരത്ത് ശങ്കരൻ.

          ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മാരായ ഡോ. ബാബു രാജേന്ദ്രപ്രസാദ്,  ലാൽ ബഹദൂർ ശാസ്ത്രി,  വി വി ഗിരി,  രാജഗോപാല ആചാരി,  ഇന്ദിര ഗാന്ധി,  കാമരാജ നാടാർ , എ കെ ജി,  ഇ എം എസ്,  എന്നിവർ ചൊക്ലി സന്ദർശിച്ചിട്ടുണ്ട് .